അനില്‍ കുര്യാത്തിയുടെ വിപ്ലവകവിതകള്‍

Pages

Monday, May 16, 2011

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "





================

വടക്കിരുന്നൊരു
പച്ച തത്ത ചിലച്ചു ..
മധ്യരേഖയില്‍
പതാക നാട്ടിയൊരു
കുഞ്ഞാട് കരഞ്ഞു ...
തെക്കന്‍ മലയിലിരുന്നൊരു
നായ കുരച്ചു

ഒടുവില്‍ മലമുകളിലെ
ദൈവങ്ങള്‍ക്ക്
മനസ്സലിഞ്ഞപ്പോള്‍

പാളം തെറ്റിയ
രാഷ്ട്ര തന്ത്രങ്ങള്‍ക്ക് മേല്‍
അടിഞ്ഞു കൂടുന്നത്
കാമകറപറ്റിയൊരു
കന്യകാത്വത്തിന്റെ
ശാപ വചസ്സുകളാണ്

വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ
വര്‍ണ്ണ സ്വപ്നങ്ങളില്‍
നഞ്ച് കലര്‍ത്തി
സ്വത്വ ബോധത്തിന്റെ
ഉപ്പു നീറ്റിയവര്‍
സ്വപ്നശാഖികളില്‍
അഭയം തിരഞ്ഞവര്‍
നരദൈവങ്ങള്‍ക്ക്
ദീപമുഴിഞ്ഞവര്‍
വിജയ പീഠമേറുമ്പോള്‍

കരിഞ്ഞുണങ്ങിയ
പുല്‍നാമ്പുകള്‍ താണ്ടി
കളതിന്നുതീര്‍ത്ത
മുണ്ടകന്‍ പാടത്തിലൂടെ
താഴ്വാരത്തിലെ-
ക്കിഴഞ്ഞിറങ്ങിപോയത്
കുടിലിലെ കാരുണ്യത്തിന്റെ
നീരുറവയായിരുന്നൂ

പരമ്പരകള്‍ പുഷ്പ്പിച്ച
വൃഷ്ട്ടി ഭൂമികളില്‍
തളച്ചിടപ്പെട്ട
രോദനങ്ങള്‍ക്ക്‌ മേല്‍
ഇനിയാരുടെ
സാന്ത്വന നാദമുയരും

സഖാവേ ,...
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട്

രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "

Sunday, April 3, 2011

'കറുപ്പ്'



''കറുപ്പ്"
________

ആത്മദാഹങ്ങളുടെ
ഇരുള്‍ തുരുത്തില്‍
ആശയറ്റടിഞ്ഞൊരു
അനാഥ സ്വപനം

പിതൃ:ബന്ധനത്തിന്റെ
വാത്സല്യ സ്മൃതികളില്‍
ഉറങ്ങി ഉണര്‍ന്നു
പതിനെട്ടു സംവത്സരങ്ങള്‍
താണ്ടിയെത്തിയത്‌

കറുത്ത ഭിത്തിയില്‍
കരിക്കട്ടകൊണ്ടെഴുതിയ
വിമോചന സൂക്തങ്ങളെ
വിഴുങ്ങിയ ജയിലേക്ക് .........

ഇരുളിനോട്‌ മത്സരിച്ചു
കണ്‍പുരികങ്ങള്‍..വെളുത്തു
കാഴ്ച്ച മറഞ്ഞു
തുടങ്ങിയപ്പോഴാണ്

ജനിമൃതികള്‍ക്കിടയിലൊരു
മൌനത്തിനുള്ളില്‍
നരച്ചു തീര്‍ന്നൊരു
സ്വതന്ത്ര മോഹത്തെ...
തിരിച്ചറിഞ്ഞത് .......

പിതാവും പതിയും പുത്രനും
പകുത്തെടുത്ത
ജീവിത ചക്രത്തില്‍
ശേഷിക്കുന്ന നഗ്നദേഹം
ഈ തെരുവിന്‍റെ
മാറിലേക്കത് ഞാന്‍,...
വലിച്ചെറിയട്ടെ........!

കാശ്മീര്‍


കാശ്മീര്‍
______

ഉറയിലൊരു
നിറതോക്കും
ഹൃദയം നിറയെ
ശാന്തിയും പേറി
ഇനിയുമെത്ര ദൂരം
മുന്നോട്ടു ,...

കാലമേ...
എന്റെ കരങ്ങള്‍ക്ക്
കരുത്തു പകരൂ

അല്ലെങ്കില്‍
പുഴുകുത്തേറ്റ
വലം കണ്ണരിഞ്ഞു
അയല്‍ പക്കത്തെ
ആ ഭ്രാന്തന്‍ നായക്ക്
വിരുന്നോരുക്കൂ

Thursday, November 4, 2010

"ഇടയ ലേഖനം"



__________

നിന്നോടൊന്ന് ഖേദം
പ്രകടിപ്പിച്ചോട്ടെ,..
ഒന്നുമുണ്ടായിട്ടല്ല
നാളെ ഞാന്‍ നിന്നെ
ചീത്തപറഞാലോ...?

ചിലപ്പോള്‍
തല്ലിയെന്നും വരാം
എന്തിനു കൊല്ലാന്‍
ആയുധം വരെ
എടുത്തെന്നിരിക്കാം

മൂര്‍ച്ചയേറിയ
കഠാരായാല്‍ ചിലപ്പോള്‍
നിന്‍റെ ഹൃദയം
പിളര്‍ന്നു ഞാന്‍
പൊട്ടിച്ചിരിച്ചേക്കാം ..

ഒന്നും മനപൂര്‍വ്വമല്ല..
ഇന്നലെ ഒരു ഇടയന്‍റെ
ലേഖനത്തില്‍ തട്ടി
മുഖമടിച്ചു വീണെന്‍റെ
ബോധം പോയതാ .

ഉണര്‍ന്നപ്പോള്‍..
ഉള്ളിലെ മനുഷ്യനെ,...
വിപ്ലവ ജ്വാലയെ,..
മതം വിഴുങ്ങി,,,,


.............അനില്‍ കുര്യാത്തി

Thursday, December 31, 2009

അഗ്നിയായ് പടരും ഞാന്‍


ഇന്നലെ

പ്രഭാത ഭക്ഷണത്തിനായ്‌
നിനക്ക് സമര്‍പ്പിച്ചത്
ഇന്നെനിക്കു വേണ്ടാത്ത
തലച്ചോര്‍ ആയിരുന്നു

അത്താഴത്തിനു വീര്യം പകരാന്‍
നിനക്ക് സോമരസമായ്
ഞാന്‍ പകര്‍ന്നത്,...
കടും ചുവപ്പാര്‍ന്ന ..
എന്‍റെ ചുടു ചോരയായിരുന്നു

എന്‍റെ തലച്ചോര്‍ ഭക്ഷിച്ചു ,...
ചോരകുടിച്ച് ,...
നീ ശാന്തനായ്‌ മയങ്ങിയപ്പോള്‍

അശാന്തമായ ഇരുളിന്‍റെ
ബലിതറകളില്‍.....
ഞാന്‍ അടവച്ചത്
നാളെയുടെ ചുവപ്പന്‍ പ്രതീക്ഷകളെയാണ്

വിടര്‍ന്നതോ........
ഇന്നെന്‍റെ ഹൃദയത്തെ
ആഴത്തില്‍ മുറിപ്പെടുത്തിയ
കശാപ്പുകാരന്‍റെ കുശാഗ്രതകള്‍

പിന്നില്‍ നിന്നെന്‍റെ
മുതുകു പൊളിച്ചു നീ
ഹൃദയത്തിലേക്കാഴ്ത്തിയ
കത്തിമുനയില്‍
നനവായ് പടര്‍ന്നത്
ഒരു ജനതയുടെ മിഴിനീരായിരുന്നു

അറിയുക നീ ,...
നിനക്കായവര്‍ ഒരുക്കിയ
സിംഹാസനത്തിനു മുകളില്‍
ഘനീഭവിച്ച ഒരു കരി മേഘമായ്
ഞാനുണ്ടാകും

പെയ്തു നിറയാനല്ല
അഗ്നിയായ് വര്‍ഷിച്ചു
നിന്നിലെ തിന്മകളെ ചാരമാക്കി
ആ ഭസ്മതൂളികളില്‍ നിന്നും
ഉണ്മയെ ഉണര്‍ത്തി
ഈ ലോകത്തിനു കാഴ്ചയായ്
സമര്‍പ്പിക്കാന്‍

ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ...


ചങ്കിലെ ചോരയാല്‍ ചുവപ്പിച്ചതാണ് ഞാന്‍ ...

പര്‍വത ശിഖരങ്ങള്‍ക്ക് മേല്‍
തപസ്സിരിക്കുന്നത്
കൂട്ടം വിട്ടകന്ന കുലം കുത്തികള്‍..

ജപ മാലയില്‍ വിരലോടിച്ചു
അവരെന്നോട് പറയുന്നതെല്ലാം
നീ പറയാന്‍ മടിച്ച സത്യങ്ങള്‍ അല്ലെ ?

നിന്‍റെ കാലുകളെ പൂട്ടിയ
ചങ്ങല കിലുക്കം കേട്ടുണര്‍ന്ന
സിരകളില്‍ നീ ...

രക്ത സക്ഷിത്വത്തിന്റെ
നോവായ്‌ പടര്‍ന്നു

എന്നിട്ടും...?

പുലരിയുടെ കയ്യില്‍ നിന്നും
വിലപേശി വാങ്ങിയത്
നിന്‍റെ പിഴച്ച നാവിനു
കൂച്ച് വിലങ്ങല്ലേ ?

എത്ര നാളായി ഞാന്‍ ഇങ്ങനെ
മുന്‍പില്‍ നില്‍ക്കുന്നു

എന്നെ കണ്ടില്ലല്ലോ
അറിഞ്ഞില്ലല്ലോ?
മിഴിനീര്‍ തുടച്ചുമില്ല

എന്നെ മറന്നു ,...
അവന്റെ പുറകെ പോയി

അവനോ ?
എപ്പോഴും നിന്‍റെ ഏറെ മുന്നിലും

നിങ്ങള്‍ രണ്ടു മുട്ടനാടുകളായി മാറുമ്പോള്‍
രക്ത പാനത്തിനായി ...
ചെന്നായ്ക്കള്‍ ചുറ്റും കൂടുമ്പോള്‍

എനിക്കീ കൊടി താഴ്ത്തി...
തിരിച്ചു പോകാന്‍ കഴിയില്ല
ഇതു എന്‍റെ ചങ്കിലെ ചോരയാല്‍
ചുവപ്പിച്ചതാണ് ഞാന്‍ ...

നാണിക്കൂ മലനാടെ,..



നാണിക്കൂ മലനാടെ,..

_______________________
കുട്ടി ,...
നീ കണ്ണൂരില്‍ വിതച്ചത്
വംശഹത്യക്ക് വാളെടുത്ത മഹാന്‍റെ
വീരസ്യങ്ങളല്ലേ?

അറിയുക നീ ,..
നിന്നെ സ്വര്‍ഗത്തിലെക്കുയര്ത്തിയ
വിരല്‍ നഖപ്പാടുകള്‍
ഒരുനാളെന്‍റെ
ചുവന്ന പുലരിയിലലിയും

അന്ന് കാലത്തിന്‍റെ
കരഘോഷം കേട്ടുണരുന്ന
യുവത നിന്നെ
കല്‍ത്തുറൂങ്കുകള്‍ക്കുള്ളിലെ
ബലിതറകളില്‍
തളക്കും,......

അവിടെ നീ കൊയ്യും
കണ്ണൂരില്‍ നീ വിതച്ച
വിഷം കുടിച്ചു
നീ അവിടെ പിടഞ്ഞ് ഒടുങ്ങും

രക്തസാക്ഷി





നിണമോഴുകി പടര്‍ന്ന സന്ധ്യാംബരം

നക്ഷത്ര ശോഭയില്‍ അരിവാള്‍ ഉയര്ത്തവേ

കനല്‍ പെഴ്ത വഴികളില്‍

കണ്ണീര്‍ തുടക്കുവാന്‍

ഒരു നിശാ പുഷ്പമായ്

പൂത്തു കൊഴിഞ്ഞവര്‍

രക്തസാക്ഷി ,...അവന്‍ രക്തഷക്ഷി



അധിനിവേശത്തിന്റെ നീതിസരങ്ങളെ

അറബികടല്‍ ത്തിരച്ചുഴികളി ലാഴ്തുവാന്‍

മിഴികളില്‍ വിപ്ലവ തീജ്വലയും പേറി

കഴുമരചോട്ടില്‍ മൃതിയെ പുണര്ന്നവര്‍

രക്തസാക്ഷി,.... അവന്‍ രക്തസാക്ഷി ...



കാലം കടം കൊണ്ട പുരുഷ മേധത്തിന്‍റെ

നാവായ് പടര്‍ന്നവന്‍

നാടിന്‍റെ മോചനം കനവു കണ്ടൊരു പുതിയ

പോര്കളം തീര്‍ത്തവന്‍

സ്മ്രിതികുടീരങ്ങളില്‍ സ്വപ്നം വിതച്ചവന്‍



പുതിയൊരു ലോകം കൊയ്യാന്‍ ഇറങ്ങിയോന്‍

ചുവടിടറാതെ മുന്നേറി ,... മുന്നേറി ,....

മൃതിയെ പരിഹസിചാട്ടിയോടിച്ചവന്‍

'വിധിയല്ല',... "വിപ്ലവം" പ്രതിവിധിയാണെന്ന്

പലകുറി നമ്മോടുറക്കെ പറഞ്ഞവന്‍.

രക്ത സാക്ഷി ,... അവന്‍ രക്ത സാക്ഷി .....



നാളത്തെ പുലരിക്കു കുങ്കുമം ചാര്‍ത്തുവാന്‍

ചുടു ചോര ചിന്തിയോന്‍

അരവയര്‍ ഉണ്ണാന്‍ കൊതിച്ചൊരു ചെറുമന്റെ

സിരകളില്‍ അഗ്നിയായ് ആളിപടര്‍ന്നവന്‍

രക്ത സാക്ഷി,....അവന്‍ രക്ത സാക്ഷി.



നശ്വരമായോരീ ദേഹം ത്യജിച്ചു നീ

അനശ്വര ചൈതന്യമായ് മാറിയെങ്കിലും

ചിത്തത്തില്‍ നീ കണ്ട സ്വപ്‌നങ്ങള്‍ മണ്ണിതില്‍



ശാശ്വത സത്യമായ് മാറ്റാന്‍ പോരുതുമീ ഞങ്ങളില്‍

കാറ്റായ് ,.....കരുതായ് ,....വെളിച്ചമായ്

പടരുക നീ

രക്ത സാക്ഷി .......രക്ത സാക്ഷി ,..