അനില്‍ കുര്യാത്തിയുടെ വിപ്ലവകവിതകള്‍

Pages

Monday, May 16, 2011

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "





================

വടക്കിരുന്നൊരു
പച്ച തത്ത ചിലച്ചു ..
മധ്യരേഖയില്‍
പതാക നാട്ടിയൊരു
കുഞ്ഞാട് കരഞ്ഞു ...
തെക്കന്‍ മലയിലിരുന്നൊരു
നായ കുരച്ചു

ഒടുവില്‍ മലമുകളിലെ
ദൈവങ്ങള്‍ക്ക്
മനസ്സലിഞ്ഞപ്പോള്‍

പാളം തെറ്റിയ
രാഷ്ട്ര തന്ത്രങ്ങള്‍ക്ക് മേല്‍
അടിഞ്ഞു കൂടുന്നത്
കാമകറപറ്റിയൊരു
കന്യകാത്വത്തിന്റെ
ശാപ വചസ്സുകളാണ്

വര്‍ഗ്ഗ സിദ്ധാന്തത്തിന്‍റെ
വര്‍ണ്ണ സ്വപ്നങ്ങളില്‍
നഞ്ച് കലര്‍ത്തി
സ്വത്വ ബോധത്തിന്റെ
ഉപ്പു നീറ്റിയവര്‍
സ്വപ്നശാഖികളില്‍
അഭയം തിരഞ്ഞവര്‍
നരദൈവങ്ങള്‍ക്ക്
ദീപമുഴിഞ്ഞവര്‍
വിജയ പീഠമേറുമ്പോള്‍

കരിഞ്ഞുണങ്ങിയ
പുല്‍നാമ്പുകള്‍ താണ്ടി
കളതിന്നുതീര്‍ത്ത
മുണ്ടകന്‍ പാടത്തിലൂടെ
താഴ്വാരത്തിലെ-
ക്കിഴഞ്ഞിറങ്ങിപോയത്
കുടിലിലെ കാരുണ്യത്തിന്റെ
നീരുറവയായിരുന്നൂ

പരമ്പരകള്‍ പുഷ്പ്പിച്ച
വൃഷ്ട്ടി ഭൂമികളില്‍
തളച്ചിടപ്പെട്ട
രോദനങ്ങള്‍ക്ക്‌ മേല്‍
ഇനിയാരുടെ
സാന്ത്വന നാദമുയരും

സഖാവേ ,...
കടലെടുത്ത മനസാക്ഷി
കാലത്തിനു മടക്കി നല്‍കാന്‍
ഒരു കാറ്റ് കരുത്താര്‍ജ്ജിച്ചു
അലറിയടുക്കുന്നൂണ്ട്

രാവിന്റെ മാടത്തിനുള്ളില്‍
നിനക്കായോരുഷസ്സ്
സുഗന്ധവാഹിയായൊരു
രക്ത പുഷപ്പവും
കാത്തുവച്ചുണര്‍ന്നിരിക്കുമ്പോള്‍

"തോല്‍ക്കുന്നില്ല ഞങ്ങള്‍ "

Sunday, April 3, 2011

'കറുപ്പ്'



''കറുപ്പ്"
________

ആത്മദാഹങ്ങളുടെ
ഇരുള്‍ തുരുത്തില്‍
ആശയറ്റടിഞ്ഞൊരു
അനാഥ സ്വപനം

പിതൃ:ബന്ധനത്തിന്റെ
വാത്സല്യ സ്മൃതികളില്‍
ഉറങ്ങി ഉണര്‍ന്നു
പതിനെട്ടു സംവത്സരങ്ങള്‍
താണ്ടിയെത്തിയത്‌

കറുത്ത ഭിത്തിയില്‍
കരിക്കട്ടകൊണ്ടെഴുതിയ
വിമോചന സൂക്തങ്ങളെ
വിഴുങ്ങിയ ജയിലേക്ക് .........

ഇരുളിനോട്‌ മത്സരിച്ചു
കണ്‍പുരികങ്ങള്‍..വെളുത്തു
കാഴ്ച്ച മറഞ്ഞു
തുടങ്ങിയപ്പോഴാണ്

ജനിമൃതികള്‍ക്കിടയിലൊരു
മൌനത്തിനുള്ളില്‍
നരച്ചു തീര്‍ന്നൊരു
സ്വതന്ത്ര മോഹത്തെ...
തിരിച്ചറിഞ്ഞത് .......

പിതാവും പതിയും പുത്രനും
പകുത്തെടുത്ത
ജീവിത ചക്രത്തില്‍
ശേഷിക്കുന്ന നഗ്നദേഹം
ഈ തെരുവിന്‍റെ
മാറിലേക്കത് ഞാന്‍,...
വലിച്ചെറിയട്ടെ........!

കാശ്മീര്‍


കാശ്മീര്‍
______

ഉറയിലൊരു
നിറതോക്കും
ഹൃദയം നിറയെ
ശാന്തിയും പേറി
ഇനിയുമെത്ര ദൂരം
മുന്നോട്ടു ,...

കാലമേ...
എന്റെ കരങ്ങള്‍ക്ക്
കരുത്തു പകരൂ

അല്ലെങ്കില്‍
പുഴുകുത്തേറ്റ
വലം കണ്ണരിഞ്ഞു
അയല്‍ പക്കത്തെ
ആ ഭ്രാന്തന്‍ നായക്ക്
വിരുന്നോരുക്കൂ